Mathrubhumi :
Articles-1
മാര്‍ക്ക് ദാനം മഹാദാനം :
കെ.ജി. മുരളീധരന്‍, അനീഷ് ജേക്കബ്, വി.യു. മാത്യുക്കുട്ടി, രതീഷ് രവി
മാര്‍ക്ക് തട്ടിപ്പിന്റെ ദൈനംദിന കഥകള്‍, പകര്‍പ്പെഴുത്താവുന്ന ഗവേഷണ പ്രബന്ധങ്ങള്‍, പതിനാലുവര്‍ഷത്തെ അധ്യാപക നിയമന നിരോധനം....ചരടു പൊട്ടിയ പട്ടം കണക്കെ അലക്ഷ്യമായി നീങ്ങുകയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ, ഗവേഷണരംഗം. പിന്നാക്ക സംസ്ഥാനങ്ങള്‍ പോലും മികവിന്റെ മുന്നേറ്റം നടത്തുമ്പോള്‍ കേരളം അടിക്കടി പിന്നോട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദുരവസ്ഥയെക്കുറിച്ച്...
2+2+1+1=86 എന്ന് കേള്‍ക്കുമ്പോള്‍ പഴയ എം.ബി.ബി.എസ്. മാര്‍ക്കുതട്ടിപ്പ് കേസാവും ഓര്‍മയിലെത്തുക. എന്നാല്‍, ഈ സൂത്രവാക്യം എം.ജി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജിനു സ്വന്തമാണിപ്പോള്‍.
സംഭവം നടന്ന് ഏതാനും ദിവസമേ ആയിട്ടുള്ളൂ. വിവരങ്ങള്‍ പുറത്താരുമറിഞ്ഞില്ല. നമ്മുടെ കോളേജിലെ ഏഴാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിക്ക് ഒരു പേപ്പറിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ലഭിച്ചത് ആറു മാര്‍ക്കാണ്. ഈ പേപ്പറിനു വിദ്യാര്‍ഥി തോറ്റതായി കാണിച്ച് സര്‍വകലാശാല ഫലവും പുറത്തുവിട്ടു.
മാര്‍ക്കുലിസ്റ്റ് കോളേജില്‍ എത്തിയിട്ടില്ല. അതിനിടയ്ക്കാണ് ബന്ധപ്പെട്ട കോളേജില്‍ പരീക്ഷ നടത്തിയ പുറത്തുനിന്നുള്ള അധ്യാപകനും അതേ കോളേജിലെ ഇന്‍േറണല്‍ എക്‌സാമിനറായ അധ്യാപകനും ചേര്‍ന്ന് സര്‍വകലാശാലയ്ക്ക് ഒരു കത്ത് നല്‍കിയത്. അതില്‍ പറയുന്നത് ഇങ്ങനെ: ''പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഈ വിദ്യാര്‍ഥിക്ക് 86 മാര്‍ക്കാണ് ലഭിച്ചത്. എടുത്തെഴുതിയപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റി ആറു മാര്‍ക്കെന്ന് രേഖപ്പെടുത്തിയതാണ്. തങ്ങള്‍ക്കു പറ്റിപ്പോയ തെറ്റിന് വിദ്യാര്‍ഥിയെ ശിക്ഷിക്കരുത്.'' നിര്‍ദോഷമെന്ന് അവര്‍ക്ക് തോന്നുന്ന വാക്കുകള്‍. നീതിബോധമുള്ള ഒരുന്നതാധികാരിക്കും മറിച്ചൊന്നും തോന്നില്ല.
ഈ ബ്രഹ്മാസ്ത്രംകൊണ്ട് സര്‍വകലാശാലാ പരീക്ഷാവിഭാഗം വീണില്ലെങ്കിലോ എന്ന് സംശയിച്ചാകാം തൊട്ടു പിന്നാലെ ഒരു സിന്‍ഡിക്കേറ്റംഗം വൈസ്ചാന്‍സലറെ നേരില്‍ക്കണ്ടു. ''അധ്യാപകരുടെ കത്ത് ആത്മാര്‍ഥതയോടെയുള്ളതാണ്. കുട്ടിക്ക് മാര്‍ക്ക് തിരുത്തി നല്‍കണം''-അദ്ദേഹം അഭ്യര്‍ഥിച്ചു. വി.സി. സംശയിക്കാതിരിക്കാനാകണം സിന്‍ഡിക്കേറ്റംഗം സ്വന്തം ലെറ്റര്‍പാഡില്‍ ശുപാര്‍ശ രേഖാമൂലം തന്നെ നല്‍കി. അസ്വാഭാവികതയുണ്ടെങ്കിലും സിന്‍ഡിക്കേറ്റംഗം കൂടി ശുപാര്‍ശ ചെയ്തപ്പോള്‍ മാര്‍ക്ക് തിരുത്തി നല്‍കാന്‍ വി.സി. ഉത്തരവിട്ടു.
ഇതങ്ങനെ തീരേണ്ടതാണ്. അപ്പോഴാണ് നാടകത്തിലെ തട്ടിപ്പ് ചുരുളഴിയുന്നത്. പ്രശ്‌നം പരീക്ഷാവിഭാഗത്തിലെത്തിയപ്പോള്‍ മാര്‍ക്ക് എടുത്തെഴുതിയതിലെ പിശകാണെന്ന അധ്യാപകരുടെ അവകാശവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം. അവര്‍ മാര്‍ക്ക് കൂട്ടിയിടുന്ന ഫോറം എടുത്തു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് മാര്‍ക്കിട്ട് ഒടുവില്‍ കൂട്ടിയെഴുതുകയാണ് രീതി. ഈ വിദ്യാര്‍ഥിക്ക് ഓരോ വിഭാഗത്തിനും ലഭിച്ച മാര്‍ക്ക് പിരിച്ചെഴുതിയാല്‍ കിട്ടുക 2+2+1+1 എന്നാണ്. ഇതെങ്ങനെ 86 ആകും. ഏതായാലും മാര്‍ക്ക് കൂട്ടി നല്‍കാനാകില്ലെന്ന നോട്ടോടെ ഫയല്‍ മുകളിലേക്കയച്ചു. അന്തിമ ഉത്തരവായിട്ടില്ല. നമ്മുടെ സിന്‍ഡിക്കേറ്റംഗം ആകട്ടെ വി.സി.യുടെ ഉത്തരവ് നടപ്പാക്കിക്കിട്ടാനായി സെക്ഷനില്‍ കയറിയിറങ്ങി നടക്കുന്നു.
പഴുതുകളടച്ചുള്ള മാര്‍ക്ക് തട്ടിപ്പിനാണ് ഈ പാടൊക്കെ. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു എന്ന പരാതി വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നല്ല വന്നത്. മേല്‍നോട്ടം വഹിച്ച അധ്യാപകന്‍ തന്നെയാണ് മുന്നിട്ടിറങ്ങിയത്. അതിനു കാരണമുണ്ട്. മറ്റൊരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയെ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫലം പുനര്‍മൂല്യനിര്‍ണയം നടത്തി ജയിപ്പിക്കാന്‍ അടുത്തയിടെ ശ്രമം നടന്നു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ ഉപസമിതിയാണ് അതിനുള്ള നിര്‍ദേശം നല്‍കിയത്. എന്നാല്‍ പ്രാക്ടിക്കല്‍ പേപ്പറിന് പുനര്‍മൂല്യനിര്‍ണയം അനുവദനീയമല്ല. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി പുനര്‍മൂല്യനിര്‍ണയം നടത്താനാകില്ലെന്ന നിലപാടാണ് പരീക്ഷാവിഭാഗം കൈക്കൊണ്ടത്. ഇതറിഞ്ഞതോടെയാണ് പ്രത്യേക കത്തിലൂടെ മാര്‍ക്ക് കൂട്ടാന്‍ ശ്രമം. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ നടപ്പാക്കുമ്പോഴാണ് വിദ്യാര്‍ഥികളെ അക്കരെ കടത്താന്‍ ഈ 'മാര്‍ക്ക് ദാനം മഹാദാനം' പദ്ധതി. വിജയശതമാനം തീരെ മോശമാകുമ്പോള്‍ പരീക്ഷാബോര്‍ഡ് രണ്ടോ മൂന്നോ മാര്‍ക്ക് മോഡറേഷനില്‍ നല്‍കുന്നത് പതിവാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് സംഘടിതമായ മാര്‍ക്ക് ചോര്‍ത്തലാണ്.
ഇത് ഒറ്റപ്പെട്ട കഥയല്ല. കേരള സര്‍വകലാശാലയില്‍ മാത്രം നടക്കുന്നതുമല്ല. കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും ഇതുപോലുള്ള മാര്‍ക്ക് തട്ടിപ്പുകളും ചട്ടങ്ങളുടെ നഗ്‌നമായ ലംഘനങ്ങളും വേണ്ടപ്പെട്ടവര്‍ക്കായി ഉന്നതതല ഇടപെടലുകളും രാഷ്ട്രീയ വടംവലികളും നടക്കുന്നു.
Comments